തളിപ്പറമ്പ്: നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ കുറ്റിക്കോൽ പാലത്തിന് സമീപം ഒരു മുന്നറിയിപ്പുമില്ലാതെ നിർമാണ കരാർ കന്പനി അടച്ച സർവീസ് റോഡ് നാട്ടുകാരും യാത്രക്കാരും തുറന്നു. ബുധനാഴ്ച രാത്രിയായിരുന്നു തളിപ്പറന്പ്-കണ്ണൂർ റൂട്ടിൽ കുറ്റിക്കോൽ പാലത്തിന് സമീപത്തെ സർവീസ് റോഡുകൾ അടച്ചത്.
സർവീസ് റോഡുകൾ അടച്ചതോടെ ബക്കളം, ധർമശാല ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും നിലച്ചിരുന്നു. സർവീസ് റോഡ് അടച്ച് വാഹനങ്ങളെ പാലത്തിന് സമീപത്തെ മേൽപ്പാലം വഴിയായിരുന്നു കടത്തി വിട്ടത്. മേൽപ്പാലത്തിൽ കയറുന്ന വാഹനം മാങ്ങാട് ഹാജി വളവിലാണ് സർവീസ് റോഡിൽ ഇറങ്ങുക. ഇതു കാരണം ബക്കളത്തുള്ളവർ ഹാജി റോഡിൽ വന്നു വേണം ബസ് കയറാൻ.
സർവീസ് റോഡ് അടച്ച് ബസ് സർവീസുകൾ തിരിച്ചു വിട്ടതിനെതിരെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് പ്രതിഷേധക്കാർ കുറ്റിക്കോൽ പാലത്തിന് സമീപം നിർമാണ കന്പനി സ്ഥാപിച്ച തടസം ഒഴിവാക്കി സർവീസ് റോഡ് തുറന്നു കൊടുത്ത് വാഹനങ്ങൾ കടത്തിവിട്ടു.
ഇന്നലെ രാവിലെ മുതൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഇവിടെ കാവൽ നിന്നാണ് വാഹനങ്ങൾ സർവീസ് റോഡിലൂടെ കടത്തി വിട്ടത്. ഒരു ഭാഗത്തെ സർവീസ് റോഡ് വഴി ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിടുകയായിരുന്നു.
ബക്കളത്ത് നിന്ന് കുറ്റിക്കോലിലേക്കുള്ള സർവീസ് റോഡ് ഒരാഴ്ചയായി അടച്ചിരിക്കുകയാണ്. ഇതുവഴി വരുന്ന വാഹനങ്ങൾ പാർത്ഥാസിന് മുന്നിലൂടെയുള്ള ഇട റോഡ് വഴിയാണ് കടന്നുവരുന്നത്.